Share this Article
News Malayalam 24x7
കക്കൂസ് മാലിന്യം ഉള്‍പ്പെടെ റോഡരികില്‍,കപ്ലാശേരിപടിയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു
llegal Dumping

ആലപ്പുഴ കപ്ലാശേരിപടിയില്‍ റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഇവിടെ നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസ് പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാണ്ടനാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട കപ്ലാശേരിപടിയിലെ നാട്ടുകാര്‍ മാലിന്യ പ്രശ്‌നത്തില്‍ വലയുകയാണ്. കപ്ലാശേരിപടിയി പാണ്ടനാട്-പരുമല റോഡരികിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നതായി നാട്ടുകാരുടെ പരാതി.

കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ദിവസേന ഇവിടെ തള്ളുന്നത്. . ഇത് പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നതായും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

മൂന്ന് മാസം മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം മാലിന്യ നിക്ഷേപം വര്‍ധിക്കുകയാണ് ഉണ്ടായത്. പ്രദേശത്ത് മുന്നൂറിലധികം വീടുകളും നിരവധി കച്ചവടസ്ഥാപനങ്ങളുമുണ്ട്. ഈ മാലിന്യനിക്ഷേപം തൊട്ടടുത്ത വീടുകളിലെ കുടിവെള്ളസ്രോതസുകളെ പോലും മലിനമാക്കുന്നുണ്ട്.

മാലിന്യത്തിൽ നിന്നുള്ള ദുര്‍ഗന്ധം കാരണം ഏറെ ബുദ്ധിമുട്ടിയണ് ഇവിടുത്തുകാര്‍ ജീവിക്കുന്നത്. മാലിന്യപ്രശ്‌നം പലതവണ പഞ്ചായത്തില്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയായും സ്വീകരിച്ചിട്ടില്ല. മാലിന്യ നിക്ഷേപം  പ്രദേശത്ത് തെരുവ് നായ ശല്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു. 

പാണ്ടനാട് പഞ്ചായത്ത്  അധികൃതര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും സിസിടിവി ക്യാമറകളും വെളിച്ചസംവിധാനവും ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ മാലിന്യം  നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസ് പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories