 
                                 
                        കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയ കേസാണ് റദ്ദാക്കിയത്. ഏതുനിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കരിങ്കൊടി പ്രതിഷേധം അപമാനിക്കലോ, അപകീര്‍ത്തിപ്പെടുത്തലോ അല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഏതുനിറത്തിലുള്ള കൊടി ഉയര്‍ത്തിയുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല. ഇത്തരത്തില്‍ പ്രതിഷേധം ഉണ്ടാകുമ്പോള്‍ ചെറിയ തരത്തിലുള്ള ബലപ്രയോഗം സാധാരണ സംഭവമാണ്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ചെറിയ കാര്യങ്ങളില്‍ നിയമനടപടി ഒഴിവാക്കണമെന്ന് പറഞ്ഞ കോടതി എല്ലാ കാര്യത്തിലും കേസ് എടുക്കുകയാണെങ്കില്‍ പിന്നെ അതിനെ സമയം കാണുകയുള്ളുവെന്ന വിമര്‍ശനവും ഉണ്ടായി.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    