കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ സ്ത്രീയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് സാം കെ. ജോർജ്(54) പോലീസ് കസ്റ്റഡിയിലാണ്. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമികനിഗമനം.
സെപ്റ്റംബര്‍ 26 മുതലാണ് ജെസി സാമിനെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. 26-ന് വിദേശത്തുള്ള മകനുമായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ സെപ്റ്റംബര്‍ 29-ന് ജെസിയെ കാണാനില്ലെന്ന് പോലീസിൽ പരാതിയെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജെസിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയത്. ഭർത്താവ് നല്‍കിയ മൊഴിയനുസരിച്ച് കരിമണ്ണൂരിലെ റോഡരികില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയതോടെ അഴുകിയനിലയില്‍ ഒരു മൃതദേഹവും കണ്ടെത്തി. ഇത് ജെസിയുടേതാണെന്നാണ് നിഗമനം.
സെപ്റ്റംബർ 26-നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് വിവരം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെപ്പുക്കുളം ചക്കുരംമാണ്ടി ഭാഗത്ത് എത്തിച്ച് റോഡരികിൽനിന്ന് 30 അടിയോളം താഴ്ചയിലേക്ക് തള്ളുകയായിരുന്നു. ഇവിടെ ജനവാസമില്ലാത്ത മേഖലയാണ്.ജെസിയും ഭര്‍ത്താവും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് പോലീസില്‍നിന്നുള്ളവിവരം. ഒരുവീട്ടിലാണ് താമസമെങ്കിലും ഇവര്‍ അകന്നുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസും നടന്നുവരികയാണ്. വിവാഹമോചന കേസില്‍ ജെസിക്ക് അനുകൂലമായി വിധി വരുമെന്നാണ് ഭര്‍ത്താവ് കരുതിയത്.