വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാര്‍ (വെള്ളറട സ്വദേശി) പിടിയിലായി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി 8:45-ഓടെ കേരള എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് അതിക്രമം നടന്നത്. ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ പ്രതി ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളെയും തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും, അവര്‍ വാതിലില്‍ പിടിച്ചുനിന്നതിനാല്‍ അപകടം ഒഴിവായി.
ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ ആദ്യം വര്‍ക്കല മിഷന്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തലയ്ക്കാണ് യുവതിക്ക് സാരമായി പരിക്കേറ്റത്.
പ്രതി സുരേഷ് കുമാര്‍ മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.