അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കാട്ടാന കാർ ആക്രമിച്ചു. അതിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറാണ് ആക്രമിച്ചത്.
മലപ്പുറം സ്വദേശികളായസ്ത്രീകളും കുട്ടികളും അടങ്ങുന്ന വിനോദസഞ്ചാരിളുടെ കാർ ആണ് കാട്ടാന ആക്രമിച്ചത്.തുമ്പൂർമുഴിയിൽ വച്ച് റോഡിൽ കാട്ടാനയെ കണ്ടതോടെ ഇവർ കാർ നിർത്തി. ഇതിനിടെ പുറകിലൂടെ വന്ന മറ്റൊരു കാട്ടാന കാർ ആക്രമിക്കുകയായിരുന്നു.
ആന കാറിന്റെ പുറകുവശത്ത് കുത്തി. ആക്രമണത്തിൽ കാറിന്റെ ഡോറിന് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. കാറിൽ ഉണ്ടായിരുന്നവർ പേടിച്ച് നിലവിളിച്ച് ഉടൻ കാർ മുന്നോട്ട് എടുത്തതോടെയാണ് കൂടുതൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.
കഴിഞ്ഞദിവസം മലക്കപ്പാറ വീരൻകുടി ഉന്നതിയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാലു വയസ്സുകാരനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ നാലു വയസ്സുകാരൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെയാണ് പ്രദേശത്ത് വീണ്ടും വന്യമൃഗ ആക്രമണം ഉണ്ടായത്.