കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തം സംബന്ധിച്ച് ജില്ലാ കളക്ടർ ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കും. അതിനു മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗവും ചേരും. യോഗത്തിൽ ആയിരിക്കും നാശനഷ്ട കണക്കുകൾ വിലയിരുത്തുക. വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിക്കും. അതിനിടെ കോർപ്പറേഷന്റെ ഭാഗം വിശദീകരിക്കാനായി ഉച്ചയ്ക്ക് 12ന് മേയർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കെട്ടിടത്തിന് എൻ.ഒ.സി ഉൾപ്പെടെ ഇല്ലാത്തതും അനധികൃത നിർമ്മാണങ്ങളും എല്ലാം പുറത്തുവന്നിരുന്നു. ഈ ഘട്ടത്തിൽ കോർപ്പറേഷൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന സിപിഐഎം അനുകൂല സംഘടനകൾ പോലും ആരോപണവുമായി എത്തിയിട്ടുണ്ട്. ആരോപണങ്ങളിൽ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് കോർപ്പറേഷൻ വിശദീകരണത്തിന് ഒരുങ്ങുന്നത്.