കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുടശനാട് സ്വദേശി പാപ്പച്ചനാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.
ബിഎസ്എന്‍എല്‍ മുന്‍ ഡിവിഷനല്‍ എന്‍ജിനിയര്‍ പന്തളം സ്വദേശി സി. പാപ്പച്ചനാണ് കഴിഞ്ഞ മെയ് 26 ന് മരിച്ചത്. സൈക്കിള്‍ യാത്രക്കിടെ കാര്‍ തട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് പെലീസ് സ്ഥിരീകരിച്ചു.
പാപ്പച്ചന്റെ ബാങ്ക് നിക്ഷേപം തട്ടിയെടുത്ത സ്വകാര്യ ബാങ്കിലെ മാനേജരായ സരിത ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍ ഉള്‍പ്പെടെ നാലുപേര്‍ പേര്‍ ചേര്‍ന്ന് പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പാപ്പച്ചന്റെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപ സരിത പിന്‍വലിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പാപ്പച്ചനെ പ്രശ്നം പരിഹരിക്കാനായി ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തിയാണ് കൊലപാതകം. സംഭവത്തില്‍ സരിത, ബാങ്ക് അക്കൗണ്ടന്റ് അനൂപ്, ക്വട്ടേഷന്‍ അംഗം അനിമോന്‍,സുഹൃത്ത് മാഹിന്‍, കാര്‍ വാടകയ്ക്ക് നല്‍കിയ ആസിഫ് തുടങ്ങിയവരാണ്പിടിയിലായത്.
പാപ്പച്ചന് വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ 76 ലക്ഷം രൂപയാണ് ബാങ്കിലുണ്ടായിരുന്നത്. അനിമോന് 15 ലക്ഷത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷം അവസാനിപ്പിക്കാനിരക്കെയാണ് കേസിലെ വഴിത്തിരിവ്.