കണ്ണൂര്‍: സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ തന്നെ സന്ദര്‍ശിച്ചത് ജ്യോതിഷം നോക്കാനല്ലെന്ന് പ്രമുഖ ജ്യോതിഷി മാധവ പൊതുവാള്‍ വ്യക്തമാക്കി. തന്റെ രോഗവിവരം അന്വേഷിക്കാനാണ് അദ്ദേഹം കുടുംബത്തോടൊപ്പം വന്നതെന്നും, വര്‍ഷങ്ങളായുള്ള സൗഹൃദബന്ധം ജ്യോതിഷവുമായി ബന്ധപ്പെടുത്തരുതെന്നും മാധവ പൊതുവാള്‍ പറഞ്ഞു.തന്റെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ഗോവിന്ദന്‍ മാഷ് വന്നത്. ‘ജ്യോതിഷക്കാരനായിട്ടല്ല എന്നെ കാണാന്‍ വന്നത്. വര്‍ഷങ്ങളായുള്ള സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്,’ അദ്ദേഹം പറഞ്ഞു. നവകേരള യാത്രയുടെ ഭാഗമായി ഗോവിന്ദന്‍ മാസ്റ്റർ തന്നെ ക്ഷണിച്ചതും സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.