തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ഒരുപാടുപേർ അഭിനന്ദിച്ച് എത്തുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ വൻ ട്വിസ്റ്റ് ആണിപ്പോൾ ഉണ്ടായിരിക്കുന്നത്. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവറുടെ കൈവശം ഫോൺ കണ്ടെത്തിയിരുന്നു. അങ്ങനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒരു രോഗിയെ എടുക്കാന്‍ പോകുന്ന വിഡിയോ ആണ് പ്രചരിച്ചത്. ആ സമയത്ത് വാഹനത്തില്‍ രോഗി ഇല്ലായിരുന്നു. സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വന്ന റീല്‍സുകളില്‍ ആംബുലന്‍സിന്റെ സൈറണ്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. താന്‍ സൈറണ്‍ ഇട്ടിട്ടില്ലായിരുന്നു. സൈറൺ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ ഫൈസൽ പറഞ്ഞു. ഒറിജിനൽ വീഡിയോ തന്റെ പക്കലുണ്ടെന്നും ഫൈസൽ അവകാശപ്പെടുന്നു. ആരാണ് ഇത്തരത്തിൽ വഴിയൊരുക്കിയതെന്നു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. മൂന്നാമത്തെ ദിവസമാണ് ആരാണ് പോലീസുകാരിയെന്ന് വാർത്തകളിലൂടെ അറിയുന്നത്. ആംബുലൻസിൽ രോഗിയുണ്ടായിരുന്നുവെന്നും മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ വന്നതും അപ്പോഴായിരുന്നു. അപ്പോൾ എന്ത് പറയണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഫൈസൽ പറയുന്നു.