ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ച് പേർ രോഗം ബാധിച്ച് ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്. ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 38-കാരൻ, മലപ്പുറം സ്വദേശിയായ 49-കാരൻ, മലപ്പുറം ചേളാരി സ്വദേശിയായ 11-കാരി, താമരശ്ശേരി സ്വദേശിയായ ഏഴുവയസ്സുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുമാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിലാണ്.
താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനാണ് ചികിത്സയിലുള്ള ഏഴുവയസ്സുകാരൻ. ഇവർ ഒരുമിച്ച് വീടിനടുത്തുള്ള കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കിണറുകൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ശുചീകരണ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. കിണറിലെ വെള്ളമാണ് മൂന്നുമാസം പ്രായമായ കുഞ്ഞിന് രോഗബാധയുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ രോഗത്തിന് കാരണമാകുന്ന അമീബയെ കണ്ടുവരുന്നത്. കിണറ്റിലെ വെള്ളത്തിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.