ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ, പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന വിദഗ്ധ ശസ്ത്രക്രിയയിലൂടെയാണ് വയറ്റിൽ കുടുങ്ങിയ 'ആർട്ടറി ഫോഴ്സ്പ്‌സ്' എന്ന ഉപകരണം പുറത്തെടുത്തത്. നിലവിൽ ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ച് വർഷം മുമ്പ് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. പുറത്തെടുത്ത കത്രിക തുടർനടപടികൾക്കായി അമ്പലപ്പുഴ പോലീസിന് കൈമാറി. ഗുരുതരമായ ചികിത്സാപ്പിഴവ് നടന്ന സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (DME) കൈമാറും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാരാണ് അന്വേഷണം നടത്തിയത്.
ശസ്ത്രക്രിയയ്ക്കിടെ ഉപകരണം കുടുങ്ങിയതിൽ വണ്ടാനം മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്ത് വെച്ചുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പത്തനംതിട്ടയിലും കൊല്ലത്തും മന്ത്രിക്കെതിരെ കനത്ത പ്രതിഷേധം അരങ്ങേറി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചികിത്സാപ്പിഴവ് മൂലം യുവതിക്കുണ്ടായ ദുരിതത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.