പാലക്കാട് ജില്ലയിലെ 13 വയസിനു താഴെയുള്ള 28 കുട്ടികളുടെ ദുരൂഹമരണങ്ങളില്‍ നീതി തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വാളയാര്‍ സമര സമിതിയിലെ അഞ്ചംഗങ്ങള്‍ ചേര്‍ന്നാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. 2010നും 2023-നും ഇടയില്‍ പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 13 വയസ്സിനു താഴെ ഉള്ള 28 കുട്ടികളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഈ മരണങ്ങളെല്ലാം ആത്മഹത്യയാക്കി അവസാനിപ്പിച്ച കേസുകളാണെങ്കിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും ഈ മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് സൂചിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. വിവരാവകാശ അപേക്ഷകള്‍ക്കും ഡി.ജി.പിക്ക് അയച്ച കത്തിനും പ്രതികരണം ലഭിക്കാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് അംഗങ്ങള്‍ പറഞ്ഞു.