വേനൽ കടുക്കുന്നതിനിടെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പകൽചൂട് റെക്കോർഡ് നിലയിലേക്ക് ഉയരുന്നു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) കിരണങ്ങളുടെ തീവ്രത അളക്കുന്ന യുവി ഇൻഡക്സ് എട്ടിൽ എത്തിയതോടെ ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി മൂന്നാറിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
യുവി ഇൻഡക്സ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
തോട്ടം മേഖലയിലെ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർ ജോലിസമയത്ത് പ്രത്യേക ജാഗ്രത പാലിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ശീലമാക്കണം.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സൺഗ്ലാസ്, ഹെൽമറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. ചർമ്മ സംരക്ഷണത്തിനായി സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
പകൽ സമയത്ത് കനത്ത ചൂടാണെങ്കിലും വൈകുന്നേരങ്ങളിൽ മൂന്നാറിൽ തണുപ്പേറിയ കാലാവസ്ഥയാണ് നിലവിലുള്ളത്. നേരത്തെ യുവി ഇൻഡക്സ് ഏഴിൽ എത്തിയപ്പോൾ തന്നെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ തീവ്രത എട്ടിലേക്ക് ഉയർന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.