കൊച്ചി: സി.പി.ഐ.എം നേതാവ് കെ.ജെ.ഷൈൻ ടീച്ചറെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബർ കെ.എം. ഷാജഹാന് ഉപാധികളോടെ ജാമ്യം. ജാമ്യാപേക്ഷ പരിഗണിക്കവെ ഷാജഹാനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനോട് കോടതി ചോദ്യങ്ങൾ ചോദിച്ചിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുള്ള എന്തെങ്കിലും വാക്കുണ്ടോ എന്ന് കോടതി ചോദിച്ചു.ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്തെന്നും പൊലീസിനോട് കോടതി ചോദിച്ചു.
എഫ്.ഐ.ആർ ഇട്ട് മൂന്നു മണിക്കൂർ 55 മിനിറ്റിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി ഷാജഹാനെ അറസ്റ്റ് ചെയ്യുന്നു. ചെങ്ങമനാട് എസ്.എച്ച്.ഒക്ക് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ എന്താണ് അധികാരമെന്നും കോടതി ചോദിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഭാഗമായ ഉദ്യോഗസ്ഥനാണ് ചെങ്ങമനാട് എസ്.എച്ച്.ഒ എന്നും അതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ഷാജഹാനെതിരെ ചുമത്തിയിട്ടുണ്ട്. കേസിനാസ്പദമായ ഷാജഹാന്‍റെ വിഡിയോയിൽ അശ്ലീല പരാമർശമുള്ള വാക്കുകളുണ്ടോ എന്ന് കോടതി ചോദിച്ചു. എന്തുതരം അശ്ലീലമാണ് വിഡിയോയിലുള്ളത്.
നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളാണ് ഷാജഹാനെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈൻ ടീച്ചറെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് യൂട്യൂബർ കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.സൈബർ ആക്രമണത്തിനെതിരെ ഷൈൻ ടീച്ചർ നൽകിയ പരാതിയെക്കുറിച്ച് ഷാജഹാന് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്.ഐ.ആറിനെക്കുറിച്ച് അവരുടെ പേര് പറഞ്ഞാണ് ഷാജഹാൻ വീഡിയോ ചെയ്തത്. ഇതിനു പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ ഷൈന്‍ ടീച്ചർ വീണ്ടും പരാതി നല്‍കുകയായിരുന്നു. സൈബർ ആക്രമണ കേസിൽ ഷാജഹാനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.തിങ്കളാഴ്ച പൊലീസ് ഷാജഹാന്‍റെ വീട് റെയ്ഡ് ചെയ്ത് ഐ ഫോൺ കസ്‌റ്റഡിയിലെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ പിടിച്ചെടുത്തത്. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന് ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും കേസിലെ രണ്ടാം പ്രതിയായ ഷാജഹാൻ എത്തിയിരുന്നില്ല.