തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൈഷ്ണ തെറ്റായ മേൽവിലാസം നൽകിയെന്ന് കാണിച്ച് സിപിഎം പ്രാദേശിക നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വൈഷ്ണ സുരേഷിന്റെ പേരില്ല. ഇതോടെ മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് വൈഷ്ണ. നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് സ്ഥാനാർത്ഥി എന്ന നിലയിൽ വൈഷ്ണയ്ക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും നൽകിയിട്ടുള്ള വിവരം. മുട്ടടയിലെ കുടുംബവീട്ടിലാണ് വൈഷ്ണയ്ക്കുള്ളത്. എന്നാൽ അമ്പലമുക്കിലെ വാടകവീട്ടിലാണ് വൈഷ്ണ താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൈഷ്ണ വോട്ട് ചെയ്തിരുന്നു.
സിപിഎമ്മിന്റെ പരാതി അംഗീകരിച്ചുകൊണ്ടാണ് വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കിയിരിക്കുന്നത്. നടപടിക്കെതിരെ അപ്പീലുമായി മുന്നോട്ടുപോകുമ്പോൾ അനുകൂലമായ ഒരു നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വവും വൈഷ്ണയും.