വയനാട് വണ്ടിക്കടവിൽ പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ വനംവകുപ്പ് പിടികൂടി. കഴിഞ്ഞ ഞായറാഴ്ച വിറക് ശേഖരിക്കാൻ വനത്തിൽ പോയ കൂമൻ എന്ന മാരനെ കൊലപ്പെടുത്തിയ കടുവയാണ് ഇന്ന് പുലർച്ചയോടെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
വണ്ടിക്കടവ് ദേവഗർധ ഉന്നതിയിലെ നിവാസിയായ മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയ്ക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ട്. മാരനെ കൊലപ്പെടുത്തിയ ശേഷം വനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് കടുവ ഭീതി ശക്തമാകുകയും നാട്ടുകാർ വനംവകുപ്പിനെതിരെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വനംവകുപ്പ് സ്ഥാപിച്ച പല കെണികളിലും വീഴാതെ ഒഴിഞ്ഞുമാറിയ കടുവ ഒടുവിൽ ഇന്ന് പുലർച്ചെയോടെ കൂട്ടിൽ കുടുങ്ങുകയായിരുന്നു. പിടികൂടിയ കടുവയെ കുപ്പാടിയിലെ വനംവകുപ്പിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കടുവയെ പിടികൂടിയതോടെ പ്രദേശവാസികൾ ഏറെ ആശ്വാസത്തിലാണ്.