കണ്ണൂർ ജില്ലയിലെ പാനൂരിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് സംഘർഷമുണ്ടായി. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ എൽ.ഡി.എഫ്. തോൽവിക്ക് പിന്നാലെ ഇന്നലെ വൈകിട്ട് പാറക്കടവിൽ നടന്ന ആക്രമണത്തിൽ, വടിവാൾ പ്രകടനവും ആക്രമണവും നടത്തിയ 50-ഓളം സി.പി.എം. പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ എൽ.ഡി.എഫ്. തോൽവിക്ക് പിന്നാലെ പാറക്കടവ്, മണിപ്പാറ, ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളിൽ സി.പി.എം.-കോൺഗ്രസ് സംഘർഷമുണ്ടായി. തുരുത്തിമുക്കിലെ കോൺഗ്രസ് ഓഫീസിനു നേരെയും ആക്രമണമുണ്ടായി. പൊലീസ് വാഹനം തകർത്തതടക്കം കുറ്റം ചുമത്തിയാണ് സി.പി.എം. പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ യു.ഡി.എഫ്. പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.