സംസ്ഥാനപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും തൃശൂര്‍ പെരുമ്പിലാവ് - അക്കിക്കാവ് ജംഗ്ക്ഷനുകളിലെ സിഗ്‌നല്‍ നോക്കുകുത്തിയായി തുടരുന്നു.രണ്ട് വര്‍ഷം മുമ്പ് കണ്ണടച്ചതാണ് ഇരു ജംഗ്ഷനിലുകളിലെയും സിഗ്‌നല്‍ ലൈറ്റുകള്‍.
സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി നടത്തിയ നവീകരണത്തിനു ശേഷമാണ് പ്രദേശത്ത് അപകടങ്ങള്‍ വര്‍ധിച്ചത്. റോഡ് വീതി കൂടിയതോടെ വാഹനങ്ങള്‍ അമിത വേഗത്തിലാണ് യാത്ര ചെയ്യുന്നത്. ഒന്നാം ഘട്ടം ടാറിങ് പൂര്‍ത്തിയാക്കിയതല്ലാതെ റോഡ് മാര്‍ക്കിങ്, അപകട സൂചന ബോര്‍ഡുകള്‍, റിഫ്‌ലക്ടര്‍, വേഗ നിയന്ത്രണ സംവിധാനങ്ങള്‍, ക്യാമറകള്‍ തുടങ്ങിയവയൊന്നും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
സിഗ്‌നല്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സംസ്ഥാനപാതയിലെ വാഹനങ്ങളുടെ അമിതവേഗതക്ക് ശമനമുണ്ടായിരുന്നു. ഇപ്പോള്‍ റോഡിന്റെ മറുവശത്തേക്ക് കാല്‍നടയായി പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. അറ്റകുറ്റപ്പണി നടത്തണമെന്നു നാട്ടുകാരും ഡ്രൈവര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
കുന്നംകുളം, ചങ്ങരംകുളം, കൂറ്റനാട് എന്നീ പ്രധാന പട്ടണങ്ങളുടെ ഇടയ്ക്ക് പെരുമ്പിലാവിലും അക്കിക്കാവ് ബൈപാസ് ജംക്ഷനിലും മാത്രമാണു സിഗ്‌നല്‍ സംവിധാനം ഉള്ളത്. ഈ രണ്ടു സിഗ്‌നലുകളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. അധികൃതര്‍ എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍കഥയാകും.