Share this Article
News Malayalam 24x7
'തലയെല്ലാം ഭിത്തിക്ക് ഇട്ട് ഇടിച്ചു, മുഖമെല്ലാം പൊട്ടിച്ചു';കൊടും ക്രൂരത; യുവതിയെ തല്ലിചതച്ച് ഭർത്താവ്; കേസെടുത്തു
വെബ് ടീം
3 hours 7 Minutes Ago
1 min read
remya

കോട്ടയം: കുമാരനെല്ലൂരില്‍ യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവിന്റെ കൊടും ക്രൂരത. 39കാരിയായ രമ്യമോഹനെയാണ് ജയന്‍ ശ്രീധരന്‍ മര്‍ദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വര്‍ഷങ്ങളായി മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ ജയന്‍ ഒളിവിലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിന് മുന്‍പുള്ള രണ്ടു മൂന്ന് ദിവസം ഭര്‍ത്താവ് വലിയ സ്‌നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'പൊന്നേ, മോളേ എന്നെല്ലാം വിളിച്ചായിരുന്നു സ്‌നേഹ പ്രകടനം. സംഭവ ദിവസം എന്നെ ഉച്ചയ്ക്ക് ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നു. വൈകുന്നേരമായപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് വിളിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മര്‍ദ്ദനം തുടങ്ങിയത്'- രമ്യ മോഹന്‍ പറഞ്ഞു.'വീട്ടിലെത്തിയ ശേഷം ആദ്യ ചെവിക്കല്ലിന് അടിച്ചു. തലയെല്ലാം ഭിത്തിയിലിട്ട് ഇടിച്ചു. മുഖമെല്ലാം ഇടിച്ചു പൊട്ടിച്ചു. ഇന്നേവരെയുള്ള എല്ലാ കേസുകളും നമ്മള്‍ കെട്ടിച്ചമച്ചതാണ്. അയാള്‍ ഒന്നും ചെയ്തിട്ടില്ല. എല്ലാം നമ്മള്‍ തന്നെ കൃത്രിമമായി സൃഷ്ടിച്ചതാണ്. അത് സമ്മതിപ്പിക്കുന്നു. അതിന് ശേഷം എന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പറഞ്ഞു. കാരണം സ്വത്തിനെല്ലാം അവകാശി നീയാണ്. അതുകൊണ്ട് നീയും നിന്റെ നശിച്ച മക്കളും ഇതിന് അവകാശിയായിട്ട് ഇരിക്കാനും പാടില്ല. അയാളുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണം. ഒന്നെങ്കില്‍ ഞാന്‍ തൂങ്ങിചാവണം. അല്ലെങ്കില്‍ ഞങ്ങള്‍ നാലുപേരും കൂടി ആത്മഹത്യ ചെയ്യണം. അയാള്‍ക്ക് ജീവിക്കാനുള്ള വഴി ഉണ്ടാക്കി കൊടുത്തില്ലെങ്കില്‍ കൊല്ലും എന്ന് പറഞ്ഞു. മുന്‍പും സമാനമായി ഉപദ്രവിച്ചിട്ടുണ്ട്. പൊള്ളിച്ചിട്ടുണ്ട്. അന്ന് ഖത്തറിലായിരുന്നു. ഇറങ്ങിയോടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. നാട്ടില്‍ വന്നിട്ട് നാലുവര്‍ഷമായി. ഇങ്ങനെ തന്നെയായിരുന്നു ഇയാളുടെ രീതികള്‍.

മൂന്ന് പ്രാവശ്യം കേസ് കൊടുത്തു. ഒരു തവണ കൈയും കാലും പിടിച്ച് കരഞ്ഞു നാടകം കളിച്ചപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് പലപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.'- രമ്യ മോഹന്‍ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories