അഭിനയത്തിൽ മാത്രമല്ല ചിത്രകലയിലും താരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ചലച്ചിത്ര നടി ഷീല. 'ഷീലാസ് സ്റ്റാർ ആർട്ട് സർപ്രൈസ്' എന്ന പേരിൽ കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ചിത്രപ്രദർശനത്തിനും തുടക്കമായി. ധനസമ്പാദനത്തിനായല്ല മറിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് മലയാളിയുടെ സ്വന്തം ഷീലാമ്മ ചിത്രപ്രദർശനം നടത്തുന്നത്.
ചെമ്മീനിലെ കറുത്തമ്മയും, മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യയും ഉമ്മാച്ചുവും അടക്കമുള്ള തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെല്ലാം മലയാളിയുടെ സ്വന്തം ഷീലാമ്മ ചിത്രങ്ങളിലൂടെ പുനർജനിപ്പിച്ചിട്ടുണ്ട്. ഷീല എന്ന അഭിനേത്രിയുടെ മറ്റൊരു കലാമികവിൻ്റെ നേർസാക്ഷ്യം കൂടിയാവുകയാണ് കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ.
കുട്ടിക്കാലത്ത് നേരമ്പോക്കിനായി തുടങ്ങിയ ചിത്രം വര കഴിഞ്ഞ 40 വർഷമായി സജീവമായി കൊണ്ടുനടക്കുന്നുണ്ട് നടി ഷീല. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ വരച്ച 150 ഓളം ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ വിറ്റ് കിട്ടുന്ന പണം മുഴുവൻ നിർധനരായ അർബുദരോഗികളുടെ ചികിത്സയ്ക്കായാണ് ചെലവഴിക്കുക എന്ന് ഷീല വ്യക്തമാക്കുന്നു.
ഈ മാസം 17 വരെയാണ് ചിത്രപ്രദർശനം നടക്കുന്നത്. മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിയുടെ ചിത്രപ്രദർശനം കാണാൻ കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ്, നടി വിധുബാല തുടങ്ങിയ പ്രമുഖരും എത്തി. പ്രദർശനം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ അവസാന അത്താഴം പ്രമേയമാക്കിയ ഷീലയുടെ ചിത്രം മോഹവിലയ്ക്ക് വിറ്റുപോവുകയും ചെയ്തു.