Share this Article
News Malayalam 24x7
ഇനി കൗണ്ടറിൽ ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോയിൽ കാഷ്‌ലെസ് ടിക്കറ്റ് വെൻഡിങ് മെഷീൻ പ്രവർത്തനം തുടങ്ങി
വെബ് ടീം
posted on 04-08-2025
1 min read
KOCHI METRO

കൊച്ചി: യാത്രക്കാർക്ക് കൗണ്ടറിൽ ക്യൂ നിൽക്കാതെ യുപിഐ വഴി പേയ്‌മെന്റ് നൽകി പേപ്പർ ടിക്കറ്റെടുക്കാൻ കഴിയുന്ന ടിക്കറ്റ് വെൻഡിങ് മെഷീൻ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തനം ആരംഭിച്ചു. ജെഎൽഎൻ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ട്രാൻസ്‌പോർട് കമ്മിഷണർ സി.നാഗരാജു ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് അനായാസം വേഗത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനായി ഒരുക്കുന്ന സൗകര്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

രാജ്യത്തെ ചുരുക്കം ചില മെട്രോകളിൽ മാത്രമാണ് വെൻഡിങ് മെഷീനിൽ യുപിഐ ബന്ധിപ്പിച്ചിട്ടുള്ളത്. ടിക്കറ്റെടുക്കാൻ കൗണ്ടറുകളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരാൻ ഇപ്പോൾ മറ്റു നിരവധി സംവിധാനങ്ങളും കൊച്ചി മെട്രോയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റെടുക്കാൻ പൂർണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് യാത്രക്കാരെ മാറ്റുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യാത്ര ചെയ്യേണ്ട സ്റ്റേഷന്‍  ടിക്കറ്റ് വെന്‍ഡിംഗ് മെഷിനില്‍ സെലക്ട് ചെയ്തശേഷം ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെന്റ് നല്‍കിയാല്‍ ഉടന്‍ ടിക്കറ്റ് ലഭിക്കും. കറന്‍സി നല്‍കിയും ഇതില്‍ നിന്ന് ടിക്കറ്റ് എടുക്കാം. ഭിന്നശേഷി സൗഹൃദമെഷിനാണ് ക്രമീകരിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍  (സിസ്റ്റംസ്) , ഡോ. എം.പി രാം നവാസ്, ( പ്രോജക്ട്‌സ്), ചീഫ് ജനറല്‍മാനേജര്‍മാരായ മണികണ്ഠന്‍ എ, ഷാജി ജനാര്‍ദ്ദനന്‍, ജനറല്‍ മാനേജര്‍മാരായ  മിനി ഛബ്ര (എച്ച്.ആര്‍), ജിഷു ജോണ്‍ സ്‌കറിയ ( ലീഗല്‍) ജോണ്‍സണ്‍ റ്റി.സി ( എസ് ആന്‍ഡ് റ്റി), ജയനന്ദ സോമസുന്ദരം ( ജോയ്ന്റ് ജനറല്‍ മാനേജര്‍ എസ് ആന്‍ഡ് റ്റി), രഞ്ജിത് പി.എസ് ( അസി.മാനേജര്‍ എഎഫ്‌സി ) തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories