മെഡിക്കൽ കോളേജ് ഐസിയുവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നീതി തേടി അതിജീവിത വീണ്ടും സമരത്തിനൊരുങ്ങുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ മെഡിക്കൽ കോളേജിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് അതിജീവിത അറിയിച്ചു.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന യുവതിയെ അറ്റൻഡർ പീഡിപ്പിച്ചെന്നതാണ് കേസ്. ഈ കേസിൽ അതിജീവിതയെ സ്വാധീനിക്കാനും മൊഴിമാറ്റി പറയാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് അഞ്ച് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നത്. എന്നാൽ, കേസിൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആരോപണവിധേയരെ അതേ ആശുപത്രിയിൽ തന്നെ തിരിച്ചെടുക്കാൻ അധികൃതർ തീരുമാനിച്ചത്. ഈ നടപടി നീതിനിഷേധമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നതെന്നും അതിജീവിത ആരോപിച്ചു.
കേസിലെ പ്രധാന പ്രതിയായ അറ്റൻഡർ എം.എം. ശശീന്ദ്രനെ അതിജീവിതയുടെ നീണ്ട സമരത്തിനൊടുവിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സസ്പെൻഷനിലായിരുന്ന ഗ്രേഡ് വൺ അറ്റൻഡർമാരായ ആസിയ, ഷൈനി ജോസ്, ഗ്രേഡ് ടു അറ്റൻഡർമാരായ ഷൈമ, ഷലൂജ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നത്. ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം.
2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ നിരന്തരമായ പോരാട്ടത്തെത്തുടർന്നാണ് പ്രതിക്കെതിരെയും അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടായത്. എന്നാൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ ജീവനക്കാരെ തിരിച്ചെടുത്തത് കടുത്ത അനീതിയാണെന്നും, നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അതിജീവിതയും കുടുംബവും വ്യക്തമാക്കി.