Share this Article
News Malayalam 24x7
വനം വകുപ്പ് ജീവനക്കാരന് നേരെ പാഞ്ഞടുത്ത് കാട്ടാന
 Forest Officer Narrowly Escapes Wild Elephant Charge at Plappally

പത്തനംതിട്ട പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്ലാപ്പള്ളി സ്റ്റേഷനിലെ ബിറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിനാണ് അതിസാഹസികമായി ജീവൻ രക്ഷിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.

രാത്രി ഭക്ഷണം കഴിക്കുന്നതിനായി മെസ്സിലേക്ക് പോകുകയായിരുന്നു ജോബിൻ. സ്റ്റേഷൻ പരിസരത്ത് ഇരുട്ടിൽ പതുങ്ങിയിരുന്ന കാട്ടാന പെട്ടെന്ന് ജോബിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ടയുടൻ ജീവൻ കയ്യിലെടുത്ത് ജോബിൻ പിന്നിലേക്ക് ഓടി മാറി. ഏതാനും മീറ്ററുകൾ മാത്രം അകലെയായിരുന്നു ആന. സ്റ്റേഷൻ ഗേറ്റിന് സമീപത്തുവെച്ചായിരുന്നു ആനയുടെ ആക്രമണശ്രമം.


സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ജോബിൻ ഓടി മാറുന്നതും തൊട്ടുപിന്നാലെ ആന പാഞ്ഞെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജോബിൻ പെട്ടെന്ന് വെട്ടിച്ചുമാറി ഓടിയതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.


കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്ലാപ്പള്ളി മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനംവകുപ്പ് ഓഫീസിന് മുന്നിൽ പോലും വന്യമൃഗങ്ങൾ ഭീഷണി ഉയർത്തുന്നത് ഉദ്യോഗസ്ഥർക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വന്യമൃഗശല്യം തടയുന്നതിന് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories