കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ മായനാട് വാടകക്ക് താമസിച്ചിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം വനത്തിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുൽത്താൻ ബത്തേരി പഴുപ്പത്തൂർ പുല്ലഭി വീട്ടിൽ നൗഷാദാണ് (35) ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. നൗഷാദിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സൗദിയിലായിരുന്ന ഇയാൾ വിസ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. മെഡിക്കൽ കോളജ് ഇൻസ്പെക്ടറുടെ ചുമതലയുള്ള കെ.കെ. ആഗേഷ്, ജനേഷ്, ആദിൽ, വിനോദ്, ജിതിൻ എന്നിവരടങ്ങിയ പൊലീസ് സംഘം നൗഷാദിനെ ഇന്ന് കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.കേസിൽ സുൽത്താൻ ബത്തേരി സ്വദേശി ജ്യോതിഷ് കുമാർ, വള്ളുവാടി കിടങ്ങനാട് സ്വദേശി ബി.എസ്. അജേഷ്, നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ് എന്നിവരെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.2024 മാർച്ച് 20നാണ് ഹേമചന്ദ്രനെ വാടകവീട്ടിൽനിന്ന് കാണാതായത്. ഭാര്യ സുഭിഷയുടെ പരാതിയിൽ ഏപ്രിൽ ഒന്നിന് മെഡിക്കൽ കോളജ് പൊലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തു.