തിരുവനന്തപുരം: വര്‍ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടിത്തം. വര്‍ക്കലയിലെ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടിത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. റിസോർട്ടിനു മുന്നിൽ പുരയിടത്തിൽ ചവറുകൾ കൂട്ടി ജീവനക്കാർ തീയിട്ടിരുന്നു. കാറ്റത്ത് റിസോർട്ടിനകത്തേക്ക് തീ കത്തിപിടിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരുമെത്തി തീയണക്കാൻ ശ്രമിക്കുകയായിരുന്നു. തീപിടിത്തംഉണ്ടായ ഉടനെ മുറികളിൽ താമസിച്ചിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വർക്കല ഫയർഫോഴ്സിന്‍റെ വലിയ ഫയര്‍ എഞ്ചിൻ സ്ഥലത്തേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഫയര്‍ഫോഴ്സിന്‍റെ ചെറിയ വാഹനം ഉപയോഗിച്ചാണ് തീഅണയ്ക്കുന്നത്.റിസോർട്ടിലെ മുറികൾ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.