കുത്തനെയുള്ള കയറ്റിറക്കങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളും നിറഞ്ഞ കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തരുടെ തിരക്കേറുന്നു. വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നാണ് ആയിരക്കണക്കിന് തീർത്ഥാടകർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിക്കുന്നത്. അഞ്ച് മണിക്കൂറിലധികം സമയമെടുക്കുന്ന 13 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിലൂടെയുള്ള യാത്ര ഭക്തർക്ക് നവ്യാനുഭവമാണ് നൽകുന്നത്.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പും പൊലീസും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 7 മണിക്ക് വനപാലകർ പാതയിലൂടെ സഞ്ചരിച്ച് വന്യമൃഗസാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്.
സത്രത്തിൽ നിന്ന് ഓരോ സംഘത്തിനും കൃത്യമായ കണക്കെടുത്ത് ടോക്കൺ നൽകുന്നു.
സന്നിധാനത്തിന് സമീപത്തെ അവസാന ചെക്ക്പോസ്റ്റ് വരെ വിവിധ ചെക്ക്പോസ്റ്റുകളിൽ ടോക്കൺ പരിശോധിച്ച് എല്ലാവരും സുരക്ഷിതരായി എത്തിയെന്ന് ഉറപ്പാക്കുന്നു.
ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ സത്രത്തിൽ നിന്ന് ഭക്തരെ കടത്തിവിടൂ. തിരിച്ച് സന്നിധാനത്ത് നിന്ന് സത്രത്തിലേക്ക് രാവിലെ 11 വരെയും അനുമതിയുണ്ട്.
പാതയിൽ ഉടനീളം കുടിവെള്ളവും വെളിച്ചവും ലഭ്യമാക്കിയിട്ടുണ്ട്. ഉപ്പുപാറയിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘവും സജ്ജമാണ്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നവരെ സഹായിക്കാൻ എൻ.ഡി.ആർ.എഫ് (NDRF) സംഘവും രംഗത്തുണ്ട്. ഉപ്പുപാറ, പുല്ലുമേട് വഴിയുള്ള യാത്ര പ്രകൃതിഭംഗി ആസ്വദിക്കാൻ കൂടി ഉതകുന്നതാണെന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു.