ആലപ്പുഴ ചേര്‍ത്തലയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ തിരോധാന കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചും ബിന്ദു പത്മനാഭന്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചും ചേര്‍ത്തലയില്‍ പരിശോധന നടത്തും.
2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു , 2024 ല്‍ കാണാതായ ജൈനമ്മ എന്നീ നാല് സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകളാണ് പൊലീസ് വീണ്ടും പരിശോധിക്കുന്നത്.
രണ്ടേകാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും, ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്തും. വീടിനുള്ളില്‍ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. ഇത് കേസിന് ഏറെ നിര്‍ണായകമാണ്. വീട്ടില്‍നിന്ന് ലഭിച്ച അസ്ഥി കൂടാവശിഷ്ടങ്ങളുടെ ഡി എന്‍ എ പരിശോധന ഫലം രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കും.