Share this Article
News Malayalam 24x7
നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്‌കൂട്ടറുകളിൽ ഇടിച്ചു; മകളുടെ സ്‌കൂട്ടറിന് പിന്നിലിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 04-09-2025
1 min read
ACCIDENT

വൈക്കം: നാനാടത്ത് നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്‌കൂട്ടറുകൾ ഇടിച്ചുതകര്‍ത്ത അപകടത്തിൽ 72കാരിക്ക് ദാരുണാന്ത്യം. കാറിടിച്ച് മകളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്ത അമ്മയാണ് മരിച്ചത്. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്. മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം-പൂത്തോട്ട റോഡില്‍ നാനാടം മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. സജികയും അമ്മ ചന്ദ്രികയും സ്‌കൂട്ടറില്‍ വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. പൂത്തോട്ട ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാര്‍ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറികടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാല് സ്‌കൂട്ടറുകളില്‍ ഇടിച്ച ശേഷം ഓടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.വൈക്കം കാളിയമ്മനട സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് അറിയിച്ചു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ചന്ദ്രികദേവിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകന്‍: സജീഷ് (കാനഡ).


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories