കൊച്ചി: അവതാരകനും നടനുമായ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാജേഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണനിലയിലാണെന്നും എന്നാൽ ഐസിയുവിൽ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം ചികിത്സ തുടരുകയാണ്.കഴിഞ്ഞ ആഴ്ചയാണ് രാജേഷ് കേശവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ 47കാരനായ രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതി മോശമായതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.