തൃശ്ശൂര്‍: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്.ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും നടത്താനും തീരുമാനിച്ചു. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്.
റീല്‍സ് ചിത്രീകരിച്ചതില്‍ ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.
സംഭവത്തില്‍ ജാസ്മിന്‍ മാപ്പ് പറയുകയുമുണ്ടായി. അറിവില്ലായ്മയായിരുന്നുവെന്നും ആരെയും വേദനിപ്പിക്കാനോ പ്രശ്‌നമുണ്ടാക്കാനോ അല്ല വീഡിയോ ചെയ്തത് എന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. വീഡിയോ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് അറിഞ്ഞതിനാല്‍ മാപ്പ് ചോദിക്കുന്നുവെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. വിവാദമായ വീഡിയോ ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കി.