Share this Article
News Malayalam 24x7
വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലകളുടെ ആഘാത ഭൂപടം പുറത്തുവിട്ട് ഐഎസ്ആര്‍ഓ
ISRO has released the impact map of Wayanad landslide areas

വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലകളുടെ ആഘാത ഭൂപടം പുറത്തുവിട്ട് ഐഎസ്ആര്‍ഓ. 2024 ജൂലൈ 31-ന് എടുത്ത ഉയര്‍ന്ന റെസലൂഷന്‍ ഉപഗ്രഹ ചിത്രങ്ങളാണ് ഐഎസ്ആര്‍ഓ പുറത്തുവിട്ടിരിക്കുന്നത്.

 ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ ആണ് ഐഎസ്ആര്‍ഓയുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഉരുള്‍പൊട്ടലിനു മുന്‍പും, ശേഷവുമുള്ള പ്രദേശത്തിന്റെ ചിത്രങ്ങള്‍ എടുത്തത്.

ചിത്രങ്ങളില്‍ കാണുന്ന ക്രൗണ്‍ സോണ്‍ എന്നത് മണ്ണിടിച്ചിലിന് ശേഷവും സ്ഥാനചലനമില്ലാത്തതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ഭൂപ്രദേശത്തെ സൂചിപ്പിക്കുന്നു. മണ്ണിടിച്ചിലിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണിത്.

സമുദ്ര നിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയ ക്രൗണ്‍ സോണ്‍ സ്ഥിതി ചെയ്യുന്നത്. ഉത്ഭവകേന്ദ്രത്തില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരത്തിലാണ് ചളിയും മലവെള്ളവും പാറകളും ഒഴുകിയെത്തിയത്. ഉരുള്‍ പൊട്ടിയ പ്രഭവകേന്ദ്രം മുതല്‍ മലെഞ്ചരുവിന്റെ വലിയൊരു പ്രദേശം വഴുതി താഴേക്കു പതിക്കുകയായിരുന്നു.

86000 ചതുരശ്രമീറ്റര്‍ ഭൂമിയാണ് ഇത്തരത്തില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചിറങ്ങിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 30 ന് പുലര്‍ച്ചെ വലിയ ഉരുള്‍പൊട്ടലുണ്ടാകുന്നതിനു മുന്‍പും അതേ സ്ഥാനത്ത്  മണ്ണിടിച്ചിലുണ്ടായതിന്റെ തെളിവുകള്‍ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചതായി ഐഎസ്ആര്‍ഓ പറഞ്ഞു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories