തൃശൂർ: വ്യാജ പൊലീസ് 'ഐ.ജി' ചമഞ്ഞ് പൊലീസിൽ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയ പ്രതിക്ക് 10 വർഷം കഠിനതടവും 1,25,000/- രൂപ പിഴയും ശിക്ഷ.തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി കുന്നത്തുള്ളി വീട്ടിൽ മിഥുൻ ഏലിയാസ് ബാനുകൃഷ്ണയെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
പരാതിക്കാരുടെ മകന് പൊലീസിൽ ജോലി തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 16 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയുമാണ് പ്രതി കൈക്കലാക്കിയത്.മണ്ണുത്തി പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്കെതിരെ 21 സാക്ഷികളെയും മുപ്പതോളം രേഖകളും കോടതിയിൽ ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ. എ ഹാജരായി.
2018 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.തട്ടിപ്പ് നടത്തുമ്പോൾ ശബരിമലയിൽ ഡ്യൂട്ടിക്ക് പോയ തൃശ്ശൂർ റേഞ്ച് ഐജി എംആർ അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്നതാണെന്നാണ് അന്ന് നാട്ടുകാരോട് പറഞ്ഞത്. ഇത് തെളിയിക്കാൻ വ്യാജ ഉത്തരവും ഇയാൾ കയ്യിൽ കരുതിയിരുന്നു.