Share this Article
News Malayalam 24x7
കോഴിക്കോട് വന്‍ ലഹരി മരുന്നു വേട്ട; ഒരു കിലോയോളം വരുന്ന MDMA പിടികൂടി
Kozhikode huge drug hunt; A kilo of MDMA was seized

കോഴിക്കോട്  വൻ ലഹരി മരുന്നു വേട്ട. ഒരു കിലോയോളം വരുന്ന എംഡിഎംഎ ട്രെയിനിൽ കൊണ്ടുവരികയായിരുന്ന 27 കാരനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്സൈസ് സംഘം പിടികൂടി. വയനാട് വെള്ളമുണ്ട സ്വദേശി എം.ഇസ്മായിലിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.

ഡൽഹിയിൽ നിന്നും 981 ഗ്രാം എംഡിഎംഎയുമായി മംഗള എക്സ്പ്രസ്സിൽ വരികയായിരുന്ന ഇസ്മായിലിനെ ഇന്ന് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തു.

ഇക്കഴിഞ്ഞ ജൂൺ 30ന് ഡൽഹിയിലെത്തിയ ഇസ്മായിൽ ആഫ്രിക്കക്കാരനിൽ നിന്നും ഒരു കിലോയോളം എം.ഡി.എം.എ വാങ്ങി ജൂലൈ 2ന് മംഗള എക്സ്പ്രസിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കൊയിലാണ്ടി, വടകര തുടങ്ങിയ റൂറൽ ഏരിയകളിൽ ചില്ലറ വില്പന നടത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ആർ.ഗിരീഷ് കുമാർ  പറഞ്ഞു.

വയനാട് വെള്ളമുണ്ട സ്വദേശിയായ ഇസ്മായിൽ തൊഴിൽരഹിതനാണെന്നും ലഹരി വസ്തു വിറ്റാണ് ഉപജീവനം നടത്തുന്നതെന്നും എക്സൈസ് വ്യക്തമാക്കുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്താനാണ് ഇസ്മായിൽ എംഡിഎംഎ എത്തിച്ചത്.

നേരത്തെയും എം.ഡി.എം.എ വാങ്ങാൻ ഇസ്മായിൽ ഡൽഹിയിൽ പോയിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.  സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പ്രതിയെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories