കണ്ണൂര്‍: അലവിലില്‍ ദമ്പതികൾ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ശ്രീലേഖയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം.കണ്ണൂർ കോർപറേഷൻ പരിധിയിലെ അലവിൽ അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്.
മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ.ഇതിൽ എ.കെ ശ്രീലേഖയുടേത് കൊലപാതകമെന്നാണ് സ്ഥിരീകരണം.മരണകാരണമായത് തലയ്‌ക്കേറ്റ അടിയും പൊള്ളലും ആണെന്നാണ് റിപ്പോർട്ട്.ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് പൊള്ളലേറ്റ് ആണ്.പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിട്ടുള്ളത്. ഭര്‍ത്താവ് പ്രേമരാജന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനുശേഷം പ്രേമരാജന്‍ സ്വയം തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.ശ്രീലേഖയുടേത് കൊലപാതകമാണെന്ന സംശയം ആദ്യമേ പൊലീസിനുണ്ടായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്നനിലയിലായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തുനിന്ന് ചുറ്റികയും കണ്ടെത്തിയിരുന്നു.ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവര്‍ സരോഷ് കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്കൊപ്പം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിലത്തു കത്തിക്കരിഞ്ഞ നിലയിലായിരുന്നു.