Share this Article
News Malayalam 24x7
വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി തോട്ടം മേഖല; കാട്ടുനായകളുടെ ഭീതിയില്‍ നാട്ടുകാര്‍
wild dog disturbance

കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങിയ വനൃമൃഗങ്ങള്‍ക്ക് പുറമെ ഇടുക്കി മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുനായകളും ഭീതി പടര്‍ത്തുന്നു. ദേവികുളം ലാക്കാട് മാനില എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുനായകള്‍ മ്ലാവിനെ കൊന്നു. 

വന്യമൃഗ ശല്യത്താല്‍ പൊറുതി മുട്ടുകയാണ് മൂന്നാറിലെ തോട്ടം മേഖല. കാട്ടാനകളും കാട്ടുപോത്തുമെല്ലാം തോട്ടം മേഖലയിലിപ്പോള്‍ പതിവ് സാന്നിധ്യമായി മാറി കഴിഞ്ഞു. കടുവയുടെയും പുലിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കന്നുകാലികളുടെ എണ്ണം ഓരോ മാസവും വര്‍ധിക്കുന്നു.

ഇതിനോടകം തന്നെ കര്‍ഷകര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടം കന്നുകാലികള്‍ കൊല്ലപ്പെട്ടതിലൂടെ സംഭവിച്ചിട്ടുണ്ട്. കാട്ടാനകള്‍ വരുത്തിയിട്ടുള്ള കൃഷിനാശം വേറെയും. ഇതിനെ പുറമെയാണിപ്പോള്‍ തോട്ടം മേഖലയില്‍ കാട്ടുനായ്ക്കളുടെ സാന്നിധ്യവും ഉണ്ടായിട്ടുള്ളത്.

ഇന്ന് രാവിലെ ദേവികുളം ലാക്കാട് മാനില എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ മ്ലാവിനെ കൊലപ്പെടുത്തി. കൂട്ടത്തോടെയായിരുന്നു കാട്ടുനായ്ക്കള്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷം വട്ടവട മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ ആടുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.

ഇതിന് ശേഷമാണിപ്പോള്‍ ദേവികുളം മേഖലയില്‍ കാട്ടുനായ്ക്കളുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളത്. കാട്ടുനായ്ക്കളുടെ ശല്യം വര്‍ധിച്ചാല്‍ കാലി പരിപാലനം കൂടുതല്‍ പ്രതിസന്ധിയിലാകും.വേനല്‍ കനക്കുന്നതോടെ തോട്ടം മേഖലയില്‍ വന്യജീവി ശല്യം വര്‍ധിക്കുമോയെന്ന ആശങ്ക തൊഴിലാളി കുടുംബങ്ങള്‍ പങ്ക് വയ്ക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories