കൊച്ചി: നഗരത്തിൽ മെട്രോ തൂണുകൾക്കിടയിലുള്ള സ്ഥലത്ത് കിടന്നുറങ്ങിയ 56കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കാരക്കോട് അഞ്ചു സെന്റ് കോളനി നെല്ലിക്കുഴി വീട്ടിൽ ജോസഫ് മാത്യുവാണ് (56) ആക്രമിക്കപ്പെട്ടത്. ശരീരമാസകലം പൊള്ളലേറ്റ ജോസഫ് ചികിത്സയിലാണ്.
തീ കൊളുത്തിയെന്നു കരുതുന്ന കടവന്ത്ര സ്വദേശി ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ സഹോദരൻ അയ്യപ്പൻ റോഡില്‍ മെട്രോ തൂണുകൾക്കിടയിലുള്ള സ്ഥലത്തു കിടന്നുറങ്ങുകയായിരുന്നു ജോസഫിനെ ആന്റപ്പൻ പെട്രോളിച്ച് തീകൊളുത്തുകയായിരുന്നു. ജോസഫിന്റെ പോക്കറ്റിൽനിന്ന് ആന്റപ്പൻ എടുത്ത പണം തിരികെ ചോദിച്ചതിന്റെ വിരോധമാണ് ആക്രമണത്തിനു കാരണം.
‘നീ കത്തി എരിഞ്ഞു ചാകടാ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആന്റപ്പന്റെ ആക്രമണമെന്ന് എഫ്ഐആറിൽ പറയുന്നു.