കണ്ണപുരം കീഴറയിൽ വാടക വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു.
കീഴറയിലെ ഒരു വാടക വീട്ടിലാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. ഉഗ്ര ശബ്ദം കേട്ടാണ് നാട്ടുകാർ ഉണർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട് പൂർണ്ണമായും തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനുള്ളിൽ മനുഷ്യന്റെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണപുരം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചതായി സൂചനയുണ്ട്. വീട്ടിൽ രണ്ട് പേരാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവരെക്കുറിച്ച് നാട്ടുകാർക്ക് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചില വീടുകളുടെ ജനൽച്ചില്ലുകൾ തകരുകയും വാതിലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അപകടം നടന്ന വീട്ടിൽ താമസിച്ചിരുന്നവരെക്കുറിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. ഇവർ പകൽ സമയങ്ങളിൽ പുറത്തിറങ്ങാറില്ലായിരുന്നുവെന്നും രാത്രി കാലങ്ങളിൽ ബൈക്കിൽ വന്ന് പോവുന്നത് കണ്ടിട്ടുണ്ടെന്നും സമീപവാസികൾ പറയുന്നു. പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.