Share this Article
News Malayalam 24x7
പ്രമുഖ ഫോറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു
വെബ് ടീം
18 hours 50 Minutes Ago
1 min read
sherly vasu

കോഴിക്കോട്: കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ.

കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.കോളിളക്കം സൃഷ്ടിച്ച അനവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫോറൻസിക് സർജനാണ് ഡോ. ഷെർലി വാസു. ട്രെയിനിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് ഷെർലി വാസുവാണ്.

കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വകുപ്പ് വിഭാഗം മുൻ മേധാവിയായിരുന്നു. ആയിരക്കണക്കിന് കേസുകളാണ് ഔദ്യോഗിക സേവനകാലത്ത് ​ഷെർലി വാസു പരിശോധിച്ചത്.

1982ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചത്. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എം.ഡി നേടി. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസര്‍, അസോ. പ്രഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ. പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. 2001ജൂലൈ മുതല്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കിയത്. 2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി. പോസ്റ്റ്മോർട്ടം ടേബിൾ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories