കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ സി.പി.ഐ. അംഗത്വം രാജിവെച്ചു. പാർട്ടി വ്യക്തികൾക്കായി വഴിമാറുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ആൻസിയയുടെ രാജി.പാർട്ടി അംഗത്വത്തിനൊപ്പം മഹിളാ സംഘം സെക്രട്ടറി പദവി ഉൾപ്പെടെയുള്ള എല്ലാ ബഹുജന സംഘടനകളിലെ സ്ഥാനങ്ങളും അവർ രാജിവെക്കുന്നതായി വ്യക്തമാക്കി.
കോർപ്പറേഷൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് എറണാകുളം സി.പി.ഐയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച രാഷ്ട്രീയ നീക്കം.തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിലും സ്ഥാനാർഥി നിർണയത്തിൽ കീഴ്ഘടകങ്ങളെ അവഗണിച്ചതിലുമുള്ള കടുത്ത പ്രതിഷേധമാണ് ആൻസിയയുടെ രാജിക്ക് പിന്നിലെ പ്രധാന കാരണം. ആൻസിയ പ്രതിനിധീകരിച്ചിരുന്ന കൊച്ചി കോർപ്പറേഷൻ്റെ അഞ്ചാം ഡിവിഷനിൽ പാർട്ടി അംഗമല്ലാത്ത ഒരു വ്യക്തിയെയാണ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത് എന്ന് അവർ ആരോപിച്ചു. കീഴ്ഘടകങ്ങൾ നൽകിയ സ്ഥാനാർഥിപ്പട്ടിക മേൽഘടകം അട്ടിമറിക്കുകയും, ഇഷ്ടക്കാരെ സ്ഥാനാർഥികളാക്കാൻ ശ്രമിക്കുകയും ചെയ്തതാണ് പാർട്ടിയുമായി ബന്ധം ഉപേക്ഷിക്കാൻ കാരണമെന്നും ആൻസിയ കുറ്റപ്പെടുത്തി.
മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷനിൽ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ലീഗിന്റെ അപ്രമാദിത്വം തകർത്ത് വിജയിച്ച സ്ഥാനാർഥിയാണ് ആൻസിയ.