Share this Article
News Malayalam 24x7
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി
Caste Discrimination Allegation at Koodalmanikyam Temple

ചരിത്രത്തിലാദ്യമായി കഴകം ജോലികള്‍ക്കായി  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ എത്തിയ ഈഴവ സമൂദായത്തില്‍ നിന്നുള്ളയാളെ തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓഫീസ് ജോലികള്‍ക്കായി മാറ്റിയാതായി ആരോപണം.  തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലുവിനെയാണ് താല്‍ക്കാലികമായി കഴകം ജോലിയായ ക്ഷേത്രത്തിലെ മാലകെട്ടലില്‍ നിന്നും മാറ്റിയത്. 

കേരള ദേവസ്വം റിക്രൂട്ട്മെന്ർറെ ബോര്‍ഡ് പരീക്ഷ വിജയിച്ചാണ് തിരുവനന്തപുരം സ്വദേശിയായ ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ പ്രവേശിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഈഴവ സമുദായത്തില്‍ നിന്നൊരാള്‍ക്ക് ക്ഷേത്രത്തില്‍ കഴകം ജോലിയുടെ ഭാഗമായ മാലക്കെട്ടലിന് നിയമനം ലഭിച്ചത്. എന്നാല്‍ ബാലു ജോലിയില്‍ പ്രവേശിച്ച നാള്‍ മുതല്‍ തന്ത്രിമാര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് എത്താതെ പ്രതിഷേധ സ്വരത്തിലായിരുന്നു. വാര്യര്‍ സമാജം ഉള്‍പെടെയുള്ളവര്‍ വിഷയത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 

പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള ശുദ്ധികര്‍മ്മങ്ങള്‍ക്ക് തന്ത്രിമാര്‍ തടസ്സം വരുത്തുമെന്നത് മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് സംബദ്ധിച്ച് നല്‍കിയ കേസില്‍ വിധി വരുന്നത് വരെ കഴക പ്രവര്‍ത്തിയില്‍ നിന്നും ഇയാളെ മാറ്റി നിര്‍ത്തിയതെന്നാണ് ലഭിയ്ക്കുന്ന സുചന.പകരം പിഷാരടി സമുദായത്തില്‍ നിന്നൊരു അംഗത്തിനാണ് മാലകെട്ടുന്ന ചുമതല നല്‍കിയിരിക്കുന്നത്. 

ജോലിയ്ക്ക് കയറിയ നാള്‍ മുതല്‍ ബാലുവിന് ക്ഷേത്രത്തിലെ തന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരുടെ  ഭാഗത്ത് നിന്ന് ഭ്രഷ്ട്ര് കല്‍പ്പിച്ചത് പോലുള്ള പെരുമാറ്റം തുടര്‍ന്നതിനെ തുടര്‍ന്ന് ബാലു രാജിവെയ്ക്കാന്‍ ആലോചിച്ചിരുന്നുവെന്നും സൂചനയുണ്ട്. പിന്നീട് പ്രതിഷ്ഠാദിന ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കുമെന്ന തന്ത്രിമാരുടെ ഭീഷണിയ്ക്ക് മുന്നില്‍ തല്‍ക്കാലം ഇദേഹത്തെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ഇത് ക്ഷേത്രത്തില്‍ നടക്കുന്ന സാധരണ ജോലി മാറ്റം മാത്രമാണെന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ  വിശദീകരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories