ഉപകരണങ്ങൾ വാങ്ങുന്നതിൽ ഗുരുതര ക്രമക്കേടെന്ന് റിപ്പോർട്ട്; ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് സമിതി.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സർക്കാർ സംവിധാനം കാര്യക്ഷമമല്ലെന്ന് നാലംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. നേരത്തെ ഡോ. ഹാരിസ് ചിറയ്ക്കൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് റിപ്പോർട്ട്. പലപ്പോഴും ശസ്ത്രക്രിയ ഉപകരണങ്ങൾ സമയത്ത് ലഭ്യമാകാറില്ലെന്നും ഇത് വലിയ കാലതാമസത്തിന് ഇടയാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആലപ്പുഴയിൽ നിന്നടക്കമുള്ള മുതിർന്ന ആരോഗ്യ വിദഗ്ധരും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച ഈ റിപ്പോർട്ട് ഇപ്പോൾ വകുപ്പിന്റെ പരിഗണനയിലാണ്.
ആശുപത്രിയിലെ പർച്ചേസിങ് രീതി ശരിയല്ലെന്നും, സാധാരണക്കാർ ആശ്രയിക്കുന്ന ഒരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ഉപകരണങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം അതീവ ഗൗരവതരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിന് ശേഷം നടന്ന അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകൾ. ഈ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.