Share this Article
News Malayalam 24x7
ലഹരിക്കടിമയായ മകനെക്കുറിച്ച് പൊലീസിന് വിവരംനൽകി അമ്മ, അറസ്റ്റ്
വെബ് ടീം
posted on 21-03-2025
1 min read
rahul

കോഴിക്കോട്: വീട്ടുകാരെ കൊലപ്പെടുത്തി ജയിലിൽ പോകുമെന്ന്  ഭീഷണിപ്പെടുത്തിയ മയക്കുമരുന്നിനടിമയായ യുവാവ് അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ അമ്മ തന്നെയാണ് മകനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പണം ചോദിച്ചാണ് യുവാവ് വീട്ടില്‍ അക്രമം നടത്തിയത്. എല്ലാവരെയും കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു ഭീഷണി.

സഹിച്ചതിന് കണക്കില്ലെന്നും ഗതികെട്ടാണ് മകനെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പ്രതികരിച്ചു.പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടർന്ന് ഇന്നു രാവിലെ മിനി പൊലീസിെന വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്കൂൾ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ മിനി പറഞ്ഞു. വീട്ടുകാരെ ഉൾപ്പെടെ ഉപദ്രവിക്കാൻ തുടങ്ങി. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നൽകണമെന്നാവശ്യപ്പെട്ടു വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും മിനി പറഞ്ഞു. മുൻപും രാഹുലിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്.ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാൾ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എലത്തൂർ പ്രിൻസിപ്പൽ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories