പത്തനംതിട്ട:നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുൻപിൽ ചാടി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അച്ഛനും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു നടുക്കുന്ന സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവരുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. ബസിന്‍റെ അടിയിലേക്കാണ് കുതിച്ചുചാടിയത്. എന്നാൽ, ഇതുകണ്ട ബസ് ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തുകയായിരുന്നു. ഇതിനുപിന്നാലെ ബസിന് അടിയിൽ നിന്ന് കുഞ്ഞുമായി പുറത്തേക്ക് വന്ന പിതാവ് വീണ്ടും സ്ഥലത്ത് നിന്ന് ഓടാൻ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് സമാധാനിപ്പിച്ചു നിര്‍ത്തിയത്. ബസ് ഡ്രൈവറുടെ കൃത്യമായ ഇടപെടലാണ് ഇവരുടെ ജീവൻ രക്ഷപ്പെടാൻ കാരണമായത്. ആത്മഹത്യാശ്രമത്തിന്‍റെ കാരണമെന്താണെന്നോ ആരാണെന്നോ വ്യക്തമായിട്ടില്ല. ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായതിനെതുടര്‍ന്ന് പരിഭ്രമിച്ച് ഓടിയാണെന്നും ബസിന് മുന്നിലേക്ക് ചാടിയതാണെന്നമാണ് ഇയാള്‍ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞത്.