Share this Article
News Malayalam 24x7
'ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ല'; പ്രശ്‌നം ഉണ്ടാക്കാതെ ഇറങ്ങിയത് തന്റെ മര്യാദ; പരിപാടിയിൽ നിന്ന് സിപിഐഎം പ്രവർത്തകർ ഇറക്കിവിട്ടതിൽ സണ്ണി ജോസഫ്
വെബ് ടീം
posted on 04-11-2025
1 min read
SUNNY JOSEPH

കണ്ണൂർ: ചാവശ്ശേരിയിലെ റോഡ് ഉദ്ഘാടനത്തിൽ നിന്ന് സിപിഐഎം പ്രവർത്തകർ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎ എന്ന നിലയിൽ താനാണ് റോഡ് നവീകരണത്തിന് തുക ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് പോയത്. ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇത്‌ ജനങ്ങളുടെ പണമാണ്. നവകേരള സദസ് വഴി ഉണ്ടായ വികസനം ആണെങ്കിലും സർക്കാർ ഫണ്ട്‌ വേണ്ടെന്നു പറയില്ല. ആന എലിയെ പ്രസവിച്ചത് പോലെയാണ് തുകയെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളത്തരങ്ങളിലൂടെ ജയിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. 2010ലെ പോലെ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.കെപിസിസി പ്രസിഡൻ്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെയാണ് സിപിഐഎം പ്രവർത്തകർ ഇറക്കിവിട്ടത്.

ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാൽ എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഐഎം പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് എംഎൽഎ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories