ചാലക്കുടി-മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാർ യാത്രക്കാരായ കുടുംബത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.
റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രക്കാർക്ക് നേരെ സമീപത്തുണ്ടായിരുന്ന മറ്റൊരു ആന പാഞ്ഞടുക്കുകയായിരുന്നു.ആനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്നുപോയെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് കാർ പിന്നോട്ട് എടുത്ത് കുടുംബം രക്ഷപ്പെടുകയായിരുന്നു. അലറി വിളിച്ച് കാറിന് നേരെ വന്ന ആന, പിന്നീട് പിന്തിരിഞ്ഞു പോയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇതിന് പിന്നാലെ മറ്റൊരു ആനയും കാട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിവന്നു.
ചാലക്കുടി-മലക്കപ്പാറ റൂട്ടിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ മാസങ്ങളിൽ ഈ പാതയിൽ കാട്ടാന വാൻ തകർക്കുകയും, തഹസിൽദാരുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.പിള്ളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പാതയുടെ 55 കിലോമീറ്ററോളം വനത്തിലൂടെയാണ് കടന്നുപോകുന്നത്. ആന, മാൻ, പന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികൾ റോഡിലിറങ്ങുന്നത് പതിവായതിനാൽ, ഈ വഴി യാത്ര ചെയ്യുന്നവർക്ക് അധികൃതർ കർശന ജാഗ്രതാ നിർദ്ദേശം നൽകാറുണ്ട്. എന്നിരുന്നാലും, വാഹനങ്ങൾക്ക് നേരെ പ്രകോപനമുണ്ടാക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ഈ റൂട്ടിലെ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.