ആലക്കോട്: സഹകരണ ബാങ്ക് മുൻ ജീവനക്കാരന്റെ മൃതദേഹം റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ ചെറുകാട് വായനശാലയ്ക്ക് സമീപം കൂനത്തറ കെ.വി. ഗോപിനാഥൻ (69) ആണ് മരിച്ചത്. നടുവിൽ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആയിരുന്നു.ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് മുതൽ ഗോപിനാഥനെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നടുവിലെ ഒരു പട്രോൾ പമ്പിൽ നിന്ന് ഗോപിനാഥൻ പെട്രോൾ വാങ്ങിയിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് കുടിയാൻമല പൊലീസ് അറിയിച്ചു.