തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം.ആറ് വയസ്സുകാരി മരിച്ചു.അമ്മയും നാല് വയസുള്ള സഹോദരനും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ ആറ് വയസ്സുള്ള അണിമയാണ് മരിച്ചത്.അമ്മ ഷൈലജയും മകൻ നാല് വയസ്സുള്ള അക്ഷയും ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്.ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ചയ്ക്ക് മുൻപ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം.
ഇന്ന് രാവിലെ മുതൽ വീട് അടഞ്ഞു കിടക്കുകയായിരുന്നു. രാത്രിയായിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂവരെയും കണ്ടെത്തിയത്. മൂന്ന് പേരെയും ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അണിമയുടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മരിച്ച അണിമ ചേലക്കര CGEM സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ അക്ഷയും ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്.