Share this Article
News Malayalam 24x7
സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ ,കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് കാംപസ്‌
Kannur Govt.: Medical College Campus


കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് കാംപസിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ ആശങ്ക. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനത്തും പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോളേജിലെ സുരക്ഷാ വിഷയം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.

കാംപസിന് ഉള്ളിലൂടെയുള്ള റോഡുകള്‍ പ്രധാന കവാടത്തിലൂടെ അല്ലാതെ പുറത്തുള്ള പൊതുറോഡുകളിലേക്ക് ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതിലൂടെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും ആളുകള്‍ക്ക് വന്നു പോകാനുള്ള സൗകര്യമുണ്ട്.

കാംപസില്‍ നിന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പുറത്തു കടക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ റോഡുകളെന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. സുരക്ഷാ ജീവനക്കാരും സി.സി.ടി.വി കാമറകളും ആശുപത്രി കോംപ്ലക്‌സിലും അക്കാദമി ബ്ലോക്കിലും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും ഹോസ്റ്റലിലേക്കുള്ള റോഡുകള്‍ കാടുമൂടിയ നിലയിലാണ്.

സന്നദ്ധ സംഘടനകള്‍ ഇടപെട്ട് റോഡരികിലെ കാട് വെട്ടിത്തെളിച്ചെങ്കിലും പകല്‍ സമയത്തു പോലും ആരുടെയും ശ്രദ്ധപതിയാത്ത നിരവധി പ്രദേശങ്ങള്‍ കാംപസിനകത്ത് ഉണ്ട്. മെഡിക്കല്‍ കോളജില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും കാഷ്വാലിറ്റിക്ക്  സമീപത്ത് മാത്രമാണ് സേവനം ലഭിക്കുന്നത്. 

പഴയ ടി.ബി സാനിറ്റോറിയത്തിന്റെ നിരവധി കെട്ടിടങ്ങളും അവയുടെ പരിസരങ്ങളും കാടുകയറിയ നിലയില്‍ ക്യാംപസിനകത്തുള്ളത്, സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വൈകിട്ട് 6ന് ക്ലാസ് കഴിഞ്ഞാലും 24 മണിക്കൂറും ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധരായ ഹൗസ് സര്‍ജന്‍മാരും മറ്റ് വിദ്യാര്‍ഥികളും ഭീതിയോടെയാണ് കാംപസിനകത്ത് സഞ്ചരിക്കുന്നത്.

പല സ്ഥലങ്ങളും തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇരുട്ടിലാണ്. വിദ്യാര്‍ഥികളുടെ ഭീതി അകറ്റാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories