വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ 25കാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഘ സുരേഷാണ് (25 ) ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ മരിച്ചത്.ഭർത്താവ് പ്രദീപ് ഉപദ്രവിക്കുമായിരുന്നെന്നും മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. മരണവർത്തയറിഞ്ഞ ശേഷം മകൾക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന് എനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു.
അഞ്ചുവർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഭർത്താവ് യുവതിയെ മർദിക്കാറുണ്ടായിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.കുഴഞ്ഞുവീണതാണെന്ന കാരണം പറഞ്ഞാണ് നേഘയെ ബുധനാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. എന്നാൽ കഴുത്തിൽ കണ്ടെത്തിയ ദുരൂഹമായ പാടാണ് ആശുപത്രി അധികൃതർ പോലീസിൽ ബന്ധപ്പെടാൻ കാരണമായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.ഇന്‍ക്വസ്റ്റ്.നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഭർത്താവ് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.