കണ്ണൂർ: പാനൂർ പാറാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്‌ഥലത്തേക്ക് കൊടി എടുക്കാൻ ഓഫിസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായും ഈ ഓഫിസ് പ്രവർത്തിച്ചിരുന്നു.സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉൾപ്പെടെയുള്ളവർ വിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
സംഭവത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. അടച്ചിട്ട ഓഫിസിന്റെ എയർഹോളിലൂടെ പെട്രോൾ ഒഴിച്ച് തീയിട്ടതാകാമെന്നാണ് സിപിഐഎം പറയുന്നത്.കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂർ, പാറാട് മേഖലകളിൽ സംഘർഷമുണ്ടായിരുന്നു. വടിവാൾ ഉൾപ്പെടെ ആയുധങ്ങളുമായി സിപിഐഎം പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേർ ഇനിയും അറസ്റ്റിലാകാനുണ്ട്.